25 March, 2022 01:42:16 PM


പ്രതിഷേധമിരമ്പുന്നു; ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്താകെ പോസ്റ്ററുകള്‍ പതിച്ച് ഭക്തര്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ഉപദേശകസമിതിക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും വന്‍ പ്രതിഷേധവുമായി ഭക്തജനങ്ങള്‍ രംഗത്ത്. ആചാരലംഘനം നടത്തി ഭക്തജനങ്ങളെ വഞ്ചിച്ച ഉപദേശകസമിതി ഉടന്‍ പിരിച്ചുവിടണമെന്നും മറ്റും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ ഭക്തജനങ്ങള്‍ ക്ഷേത്രപരിസരത്ത് പതിച്ചു. ശനിയാഴ്ച വൈകിട്ട് വിവിധ ഭക്തജനസംഘടനകളുടെ യോഗം ചേരാനിരിക്കുകയാണ്.


കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലേറെയായി ക്ഷേത്രത്തില്‍ കടിച്ചുതൂങ്ങി സാമ്പത്തികതിരിമറിക്കും ഗൂഡാലോചനകള്‍ക്കും നേതൃത്വം നല്‍കിയ ഉപദേശകസമിതി സെക്രട്ടറിയെയും ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറേയും സ്വര്‍ണ്ണ രുദ്രാക്ഷമാല കാണാതെപോയതിന് ഉത്തരവാദിയായ മുന്‍ മേല്‍ശാന്തിയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഭക്തജന ഏകോപനസമിതി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.


അഗ്നിബാധയില്‍ മൂലബിംബം, സ്വര്‍ണ്ണപ്രഭ, വെള്ളിപീഠം ഇവയ്ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടും വിവരം പുറത്തറിയിക്കാതെ ഒതുക്കിവെച്ചും നാഗപത്തികള്‍ വിളക്കിച്ചേര്‍ത്തും ഏറ്റുമാനൂരപ്പന്‍റെ ചൈതന്യം നശിപ്പിക്കുന്നതിന് തയ്യാറായ ഉപദേശകസമിതി പിരിച്ചുവിടണമെന്നും ഭക്തജന ഏകോപനസമിതി ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.


ക്ഷേത്രത്തിലെ ഉപദേശകസമിതി പ്രവര്‍ത്തിക്കുന്നത് ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷമാണ് സമിതിയുടെ കാലാവധി എങ്കിലും ഹൈക്കോടതിയില്‍നിന്നും വാങ്ങുന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ പതിനൊന്ന് വര്‍ഷമായി തുടരുകയാണ്. പക്ഷെ ക്ഷേത്രത്തിന് വേണ്ടി കാര്യമായി ഒന്നും തന്നെ ഇവര്‍ ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ദേവസ്വം ബോര്‍ഡിന് ഉപദേശകസമിതി മൂലം വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവം പോലുള്ള കാര്യങ്ങളില്‍ ഉപദേശകസമിതിയെ സഹകരിപ്പിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ഉപദേശകസമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട്  നല്‍കിയ സ്വകാര്യപരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K