29 March, 2022 10:06:52 AM


ബള്‍ബ് പൊട്ടിത്തെറിച്ചു, ഫാന്‍ ഇളകിവീണു; വീടിനുള്ളില്‍ തീപ്പൊരി: ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു



കോട്ടയം: വേനല്‍മഴയെത്തുടര്‍ന്നുള്ള മിന്നലില്‍ കോട്ടയത്ത് പലയിടത്തും നാശനഷ്ടം. ഇന്നലെ വൈകിട്ട് ഉണ്ടായ മഴയിലും കാറ്റിലുമാണ് നാശം. മിന്നലില്‍ ഫീഡറുകള്‍ തകരാറിലായതോടെ നഗരത്തില്‍ പലയിടത്തും വൈദ്യുതി മുടങ്ങുകയും ചെയ്തു. ഫാന്‍ ഇളകി താഴെ വീണു. ബള്‍ബ് പൊട്ടിത്തെറിച്ചു. പരസ്യബോര്‍ഡ് റോഡിലേക്ക് ചരിഞ്ഞു. സെന്‍ട്രല്‍ സെക്ഷന്‍റെ പരിധിയില്‍ പലയിടങ്ങളിലും വൈദ്യുതക്കമ്പിയില്‍ മരക്കമ്പ് വീണു.


മിന്നലില്‍, ഒരു ലൈനില്‍നിന്നു മറ്റൊരു ലൈനിലേക്ക് കണക്ട് ചെയ്യുന്ന ജെംബര്‍ കണക്ഷന്‍ കത്തിയതോടെയാണ് ഫീഡറുകള്‍ തകരാറിലായത്. കെഎസ്ഇബി ജീവനക്കാര്‍ സമരത്തിലായിരുന്നെങ്കിലും മിക്കയിടത്തും മണിക്കൂറുകള്‍ക്കുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. ചിങ്ങവനത്ത് കെട്ടടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡ് മറിഞ്ഞ് റോഡിലേക്ക് ചരിഞ്ഞ് നിന്നത് ഗതാഗതതടസത്തിന് കാരണമായി. അപകടാവസ്ഥ മനസിലാക്കിയ പോലീസ് റോഡിനുകുറുകെ ജീപ്പ് വിലങ്ങിയിട്ട് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.


കളത്തിപ്പടി പന്നയ്ക്കല്‍ സാബു വര്‍ഗീസിന്റെ വീടിന്റെ രണ്ടാംനിലയില്‍ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഫാന്‍ മിന്നലേറ്റ് ഇളകിവീണു. വീടിന് മുന്നിലെ ചരലും മണ്ണും തെറിച്ചു മുറിക്കുള്ളിലെത്തുകയായിരുന്നു ആദ്യം. തുടര്‍ന്ന് ബള്‍ബ് പൊട്ടിത്തെറിക്കുകയും ഫാന്‍ ഇളകി വീഴുകയും ചെയ്തത്. മിന്നലില്‍ വീട്ടുമുറ്റത്ത് ചെറിയ കുഴി രൂപപ്പെട്ടു. വീടിനുള്ളില്‍ തീപ്പൊരി ഉണ്ടാവുകയും ചെയ്തു.


കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.


ജാഗ്രതാ നിര്‍ദേശങ്ങള്‍


>  ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക
>  വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.
>  കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
>  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
>  വൈദ്യുതി ഉപകരണങ്ങളുടെ ഇടിമിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.
>  ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K