29 March, 2022 02:02:26 PM


ബിയർ മോഷ്ടിച്ച് 400 രൂപയ്ക്ക് മറിച്ച് വിറ്റു; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ



കോട്ടയം: അയർക്കുന്നത്ത് ബിവറേജസിന്‍റെ വെയർ ഹൗസിൽ നിന്നും മോഷ്ടിച്ച ബിയർ ദേശീയ പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. അയർക്കുന്നം വെയർഹൗസിലെ സെക്യൂരിറ്റി ജീവനക്കാരൻ പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ അശോക് കുമാറിന്റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീം കുരുമ്പാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അയർക്കുന്നം ബിവറേജ് വെയർ ഹൗസിലെ ചുമട്ട് തൊഴിലാളിയായിരുന്നു പ്രതി. ജോലിയ്ക്ക് ശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാർ അടക്കമുള്ളവർ അറിയാതെ ബിയർ കുപ്പികൾ കടത്തിക്കൊണ്ട് വരികയായിരുന്നു.

നികുതി അടയ്ക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതും നമ്പർ പതിക്കാത്തതുമായ ബിയർ കുപ്പികളാണ് ഇയാൾ എടുത്ത് കൊണ്ട് വന്നിരുന്നത്. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് മദ്യം വിൽപന നടത്തിയിരുന്നത്. ഇയാളുടെ മദ്യ വിൽപന സംബന്ധിച്ച് എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു.

പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷ് , അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ ജെക്സി ജോസഫ്, രഞ്ജിത്ത് കെ നന്ത്യാട്ട് , പി വി ബിജു, പാമ്പാടി സിവിൽ എക്സൈസ് ഓഫീസർ എം എച്ച് ഷെഫീഖ്, പ്രവീൺ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K