30 March, 2022 06:52:11 PM


ഓട്ടോ, ടാക്‌സി ചാര്‍ജും കൂടും: ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കും - ഗതാഗതമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ, ടാക്‌സി ചാര്‍ജും കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്‌സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു. ബസ്, ഓട്ടോ, ടാക്‌സി വര്‍ധവില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും.


ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K