07 April, 2022 04:52:37 PM


സെല്‍ഫിയെടുത്ത് 'യാത്ര'യായി: തീരാദുഃഖമായി സഹപാഠികളുടെ വേര്‍പാട്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജില്‍നിന്നും വിനോദയാത്രയ്ക്ക് പോയ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മരണം കടപ്പുറത്ത് സെല്‍ഫി എടുക്കുന്നതിനിടെ. കടലിലിറങ്ങി കൈകോര്‍ത്ത് പിടിച്ച് നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥികളെയും തിര വിഴുങ്ങിയത്. രണ്ട് പേരുടെ മൃതദേഹം ആദ്യം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൂന്നാമത്തെയാളുടെ മൃതദേഹം വൈകിട്ട് കണ്ടെത്തി.

കംപ്യൂട്ടർ എഞ്ചിനീയറിംഗ് എട്ടാം സെമസ്റ്റര്‍ വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടയം പാമ്പാടി വെള്ളൂർ എല്ലിമുള്ളിൽ അലൻ റജി, കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പിൽ അമൽ സി.അനിൽ,  എറണാകുളം ഉദയംപേരൂർ ചിറമേൽ ആന്‍റണി ഷിനോജ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് അദ്ധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 75 അംഗസംഘം കോളേജിൽ നിന്ന് രണ്ട് ബസ്സുകളിലായി മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. 

വ്യാഴാഴ്ച സെന്‍റ് മേരിസ് ഐലൻഡിലെ ഉടുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർത്ഥികൾ കടലിലിറങ്ങിയത്. ഉച്ചയോടെയാണ് അപകടവിവരം കോളേജില്‍ അറിയുന്നത്. ഉടനെ യാത്ര റദ്ദ് ചെയ്ത് തിരികെ പോരുവാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സഹപാഠികളുടെ മരണം വരുത്തിവെച്ച ഞെട്ടലില്‍ വിനോദയാത്ര അവസാനിപ്പിച്ചെങ്കിലും കുട്ടികള്‍ നാട്ടിലേക്ക് പോരാന്‍ തയ്യാറായിട്ടില്ല. പ്രിന്‍സിപ്പലുള്‍പ്പെടെ ഒരു സംഘം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ എത്തിയതിനുശേഷം വിദ്യാര്‍ഥികള്‍ തിരിച്ചുപോരും എന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K