12 April, 2022 06:37:31 PM


റോഡിലെ ക്യാമറകളുടെ സ്ഥാനം മാറിക്കൊണ്ടിരിക്കും; നിയമം ലംഘിച്ചാല്‍ പണി ഉറപ്പ്



കൊച്ചി: കേരളത്തിലെ പാതകളില്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. ഇടക്കിടെ ക്യാമറകളുടെ സ്ഥലം മാറും. അപകടമേഖലകള്‍ മാറുന്നതനുസരിച്ച്‌ പുനര്‍വിന്യസിക്കാവുന്ന ക്യാമറകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്.  അതുകൊണ്ടുതന്നെ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്ന് രക്ഷപ്പെടാമെന്ന്  കരുതിയാൽ അത് നടക്കില്ല.  

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇടക്കിടെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ഒരുക്കിയിട്ടുള്ളത്. ഇവ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികൾ നടന്നുവരികയാണ്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ക്യാമറയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കും.

ഈ മാസം അവസാനത്തോടെ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക   തുടങ്ങിയവയും പുതിയ ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K