18 April, 2022 08:51:12 PM


റോഡപകടങ്ങളിലെ രക്ഷകര്‍ക്ക് പാരിതോഷികം; പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി



തിരുവനന്തപുരം: റോഡപകടങ്ങളില്‍ ഗുരുതരപരിക്കേല്‍ക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി പദ്ധതി നടത്തിപ്പിനുള്ള ജില്ലതല അപ്രൈസല്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച്‌ റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് പരിക്ക്, വലിയ സര്‍ജറി വേണ്ടിവരുന്ന പരിക്ക്, മൂന്ന് ദിവസമെങ്കിലും ആശുപത്രിവാസം തുടങ്ങിയവക്ക് കാരണമാകുന്ന അപകടങ്ങളില്‍പെടുന്നവരെ ഒരു മണിക്കൂറിനകം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും നല്‍കുന്നതാണ് പദ്ധതി. ഒരു അപകടത്തില്‍പെട്ട ഒന്നിലധികം പേരെ ഒന്നിലധികം പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയാല്‍ രക്ഷപ്പെട്ടവരുടെ എണ്ണത്തിനനുസരിച്ച്‌ ഓരോ രക്ഷാപ്രവര്‍ത്തകനും 5000 രൂപ വീതം നല്‍കും.

ഒരാള്‍ക്ക് ഒരു വര്‍ഷം പരമാവധി അഞ്ച് തവണയാണ് പാരിതോഷികത്തിന് അര്‍ഹത. വിവിധ സംസ്ഥാനങ്ങളില്‍ ഇങ്ങനെ പാരിതോഷികം നേടുന്നവരില്‍ നിന്ന് ഓരോ വര്‍ഷവും 10 പേരെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതം ദേശീയ പുരസ്കാരം നല്‍കാനും പദ്ധതിയുണ്ട്. ആദ്യം പൊലീസിനെയാണ് വിവരം അറിയിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട സ്റ്റേഷനില്‍നിന്ന് വിശദ വിവരങ്ങളടങ്ങിയ രസീത് രക്ഷാപ്രവര്‍ത്തകനും അതിന്‍റെ പകര്‍പ്പ് ജില്ലതല സമിതിക്കും അയക്കണം. രക്ഷാപ്രവര്‍ത്തകന്‍ നേരിട്ട് ആശുപത്രിയില്‍ എത്തിച്ചാല്‍ ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ പൊലീസിനെ അറിയിക്കുകയും സ്റ്റേഷനില്‍നിന്ന് മേല്‍പറഞ്ഞ തുടര്‍നടപടി സ്വീകരിക്കുകയും വേണം.

കഴിഞ്ഞ ഒക്ടോബറില്‍ രൂപം നല്‍കിയ പദ്ധതിയുടെ ഭാഗമായി മാര്‍ച്ചില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ചെയര്‍മാനായി സംസ്ഥാനതല മോണിറ്ററിങ് സമിതി രൂപവത്കരിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ജില്ലതല സമിതികള്‍ നിലവില്‍ വരുന്നത്. കലക്ടര്‍ അധ്യക്ഷനായ സമിതിയില്‍ ആര്‍.ടി.ഒ മെംബര്‍ സെക്രട്ടറിയും ഡി.എം.ഒയും എസ്.പിയും അംഗങ്ങളുമാണ്. ആശുപത്രി അല്ലെങ്കില്‍ പൊലീസ് വഴി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജില്ലതല സമിതി പരിശോധിച്ച്‌ അംഗീകാരം നല്‍കി ഗതാഗത കമീഷണര്‍ക്ക് അയക്കുകയും തുടര്‍ന്ന് അവിടെനിന്ന് തുക രക്ഷാപ്രവര്‍ത്തകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K