19 April, 2022 09:00:55 PM


'കഴുകന്മാരുടെ അടുത്തേക്കാണ് പോയത്, ഇനി മകളെ കാണണ്ട'; ജോയ്സ്നയുടെ പിതാവ്



കൊച്ചി: കഴുകന്മാരുടെ അടുത്തേക്കാണ് ജോയ്സ്ന പോയത് എന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ്. മകളെ  കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. എന്നാൽ ഇനി മകളെ കാണണമെന്നില്ലെന്നും കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നും പിതാവ് പറഞ്ഞു. 


കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ജോയ്സ്നയെ കാണാതാവുകയും പിന്നീട് മുസ്ലിം യുവാവായ ഷെജിനൊപ്പം കോടതിയിൽ ഹാജരാവുകയും ചെയ്ത ജോയ്സന യുവാവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന്  നിലപാട് ആവർത്തിച്ചു. പിന്നീട് പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജോയ്സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നുമായിരുന്നു ജോയ്സനയും ഷെജിനും പ്രതികരിച്ചത്. 


വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും അച്ഛൻ ജോസഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 26 വയസ്സുള്ള ജോയ്സ്ന വിദേശത്തടക്കം ജോലി ചെയ്ത് ലോകം കണ്ട വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷെജിനുമായി വിവാഹിതയായ ജോയ്സന നിയമവിരുദ്ധമായി കസ്റ്റഡിയിലാണെന്നും പറയാനാകില്ല. അതിനാൽ വ്യക്തിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ പരിധി ഉണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സി എസ് സുധ, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K