24 April, 2022 06:50:47 PM


ഷോര്‍ട്ട് പുട്ട് വീശിയെറിഞ്ഞ് കളക്ടര്‍; കോട്ടയം റവന്യു വകുപ്പു കായികമേളയ്ക്ക് തുടക്കം



കോട്ടയം: കോളേജ് പഠന കാലത്ത് യൂണിവേഴ്‌സിറ്റി തലത്തില്‍ 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ നാല് കിലോഗ്രാം ഭാരമുള്ള ഷോര്‍ട്ട്പുട്ട് ഉയര്‍ത്തി നോക്കിയത്. കാണികളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ കളക്ടര്‍ വീണ്ടും പഴയ അത്‌ലറ്റായി.  ഷോര്‍ട്ട് പുട്ട് വീശിയെറിഞ്ഞു.


പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന റവന്യൂ വകുപ്പ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കളക്ടര്‍. സഹപ്രവര്‍ത്തകരുടെ പ്രോത്സാഹനത്തിന് മുന്നില്‍ എ.ഡി. എം ജിനു പുന്നൂസുമായി പഞ്ചഗുസ്തി സൗഹൃദ മത്സരത്തിലും പങ്കെടുത്താണ് കളക്ടര്‍ മടങ്ങിയത്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ കളക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ട മത്സരവും, 4x100 മീറ്റര്‍ റിലേ, പഞ്ചഗുസ്തി, ലോങ് ജംപ്, ഷോര്‍ട്ട്പുട്ട് എന്നീ ഇനങ്ങളിലായി 75 പേർ   പങ്കെടുത്തു. വിജയികൾ  മെയ് അവസാനം തൃശ്ശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന റവന്യൂ വകുപ്പ് കായിക മേളയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും . സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍. എ) കെ.എ മുഹമ്മദ് ഷാഫി , റവന്യൂ വകുപ്പ്  ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K