02 June, 2022 10:13:58 AM


മുൻഭാര്യയുമായുളള മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് ജയം



കാലിഫോര്‍ണിയ: ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി. കേസിൽ ആംബർ ഹേഡ് മുൻഭർത്താവായ ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയിലെ ഫെയർഫാക്സ് കൗണ്ടി കോടതി വിധിച്ചു. ജോണി ഡെപ്പിനെതിരെ നൽകിയ ഗാർഹിക പീഡനകേസുകളിൽ ഒന്നിൽ ആംബർഹെഡിന് ഡെപ്പ് രണ്ടു ദശലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ആംബർ ഹേഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തൽ. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തിൽ എത്തിചേർന്നത്. യുഎസിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ് വിധി പറഞ്ഞത്. വിധി പ്രഖ്യാപന വേളയിൽ ആംബർ ഹെഡ് കോടതിയിൽ ഉണ്ടായിരുന്നു. എന്നാൽ ജോണി ഡെപ്പ് എത്തിയിരുന്നില്ല.

2018 ൽ "ദ് വാഷിങ്ടൻ പോസ്റ്റിൽ' താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്‍റെ സിനിമാ ജീവിതം തകർന്നതായി ഡെപ്പ് പറഞ്ഞു. ഡെപ്പിന്‍റെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും ഭാര്യയുടെ ആ പരാമർശത്തോടെ "പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ' സിനിമാ പരമ്പരയിൽനിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K