28 September, 2022 09:10:12 PM


സംസ്ഥാനത്ത് 380 പേരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റ്: പട്ടികയില്‍ പൊലീസുകാരും



തിരുവനന്തപുരം: സംസ്ഥാനത്തെ 380-ഓളം പേരെ വധിക്കാനായി പോപ്പുലര്‍ ഫ്രണ്ട് നോട്ടമിട്ടിരുന്നതായി വിവരം. ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും രേഖകളുമാണ് പൊലീസിന് ലഭിച്ചത്. അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖ്, മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീന്‍ എന്നിവരുടെ പക്കല്‍ നിന്നാണ് ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയത്. ഇരുവരുടേയും ലാപ്പ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.

സിറാജുദ്ദീനില്‍ നിന്നും കണ്ടെത്തിയ പട്ടികയില്‍ 378 പേരുകളാണുള്ളത്. പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിന്റെ ലാപ് ടോപ്പാല്‍ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ് ലിസ്റ്റില്‍ ഒരു സിഐയും ഒരു സിവില്‍ പൊലീസ് ഓഫീസറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി പൊലീസ്.

മലപ്പുറത്തെ 12 ആര്‍എസ്എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും സിറാജുദ്ദീന്‍റെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു. സഞ്ജിതിനെ കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇയാളുടെ പെന്‍ഡ്രൈവില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല ചെയ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല ചെയ്യപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്നെയായിരുന്നു സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K