01 October, 2022 02:22:17 PM


എയർ ഹോസ്റ്റസുമാരും ക്യാബിൻ ക്രൂവും അടിവസ്ത്രം ധരിക്കണം; വിവാദമായപ്പോൾ തിരുത്തി



ഇസ്ലാമാബാദ്: എയര്‍ ഹോസ്റ്റസുമാരും ക്യാബിന്‍ ക്രൂ അംഗങ്ങളും ജോലിക്കെത്തുമ്പോള്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ നിര്‍ദേശം വിവാദത്തില്‍. ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അനുചിതമായ വസ്ത്രധാരണം അവമതിപ്പുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന നിര്‍ദേശം വിമാനക്കമ്പനി നല്‍കിയതെന്ന് പാക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ നിര്‍ദേശത്തില്‍ തിരുത്തലുമായി  പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) അധികൃതര്‍ രംഗത്തെത്തി. ജീവനക്കാര്‍ക്കിടയില്‍ കൃത്യമായ ഡ്രസ് കോഡ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അത്തരമൊരു നിര്‍ദേശം നല്‍കിയത്. പക്ഷെ ശരിയായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ തങ്ങള്‍ക്ക് വീഴ്ചയുണ്ടായി. ഇത് മൂലം കമ്പനിയുടെ പേര് പൊതുമധ്യത്തില്‍ അപകീര്‍ത്തികരമാകും വിധത്തില്‍ പ്രചരിക്കുകയും വളച്ചൊടിക്കുകയും ചെയ്തു. സംഭവത്തില്‍ തനിക്ക് വ്യക്തിപരമായി ഖേദമുണ്ടെന്നും പിഐഎ ചീഫ് എച്ച് ആര്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ ജോലി സമയത്ത് നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന നിര്‍ദേശം വന്നതോടെ. എയര്‍ലൈന്‍സിന്‍റെ ഉത്തരവ് അനുചിതമാണെന്ന വിമര്‍ശനം ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ചില ക്യാബിന്‍ ക്രൂ അംഗങ്ങള്‍ യാത്ര ചെയ്യുമ്പോഴും ഹോട്ടലില്‍ താമസിക്കുമ്പോഴും വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കുമ്പോഴും അശ്രദ്ധമായ വസ്ത്രം ധരിക്കുന്ന പ്രവണത ആശയങ്കയുളവാക്കുന്നതാണ്. ഇത്തരം വസ്ത്രധാരണ രീതികള്‍ കാഴ്ചക്കാരില്‍ അവമതിപ്പുണ്ടാക്കുമെന്നും ഇത് വ്യക്തികളെ മാത്രമല്ല എയര്‍ലൈന്‍സ് കമ്പനിയുടെ തന്നെ പ്രതിച്ഛായയെ ബാധിക്കുമെന്നും പിഐഎ ജനറല്‍ മാനേജര്‍ ആമിര്‍ ബാഷിര്‍ ജീവനക്കാര്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശ കത്തില്‍ പറഞ്ഞിരുന്നു.

യുവാക്കളും യുവതികളും ധരിക്കുന്ന വസ്ത്രം നമ്മുടെ സംസ്‌ക്കാരത്തിനും ധാര്‍മികതയ്ക്കും അനുസൃതമായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജീവനക്കാരുടെ വസ്ത്ര ധാരണം എല്ലായിപ്പോഴും കൃത്യമായി നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജീവനക്കാര്‍ക്ക് മുന്നറിയിപ്പുണ്ട്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K