06 November, 2022 12:27:48 PM


ലൈംഗിക ഉത്തേജകമരുന്നിന്‍റെ പേരില്‍ മയക്കുമരുന്ന് വിപണനം: പിന്നില്‍ സ്ത്രീകളുടെ 'പട'



കൊച്ചി: അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌ സ്ത്രീകളെ മറയാക്കി വന്‍ മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. മയക്കുമരുന്ന് വില്പനക്കാരായ സ്ത്രീകളെ അനാശാസ്യത്തിനും ഉപയോഗിക്കുന്നു. ആയുര്‍വേദ ടാബ്ലറ്റ് ലൈംഗിക ഉത്തേജകമരുന്ന് വില്പനയും ഇതിന്‍റെ മറവില്‍ പൊടിപൊടിക്കുന്നു. ഇതിലും സ്ത്രീകള്‍ തന്നെയാണ് പ്രധാന പങ്കുവഹിക്കുന്നത്. രണ്ടാഴ്ച മുമ്പ് പെരുമ്പാവൂരിനടുത്ത് അന്യസംസ്ഥാന തൊഴിലാളി മരിക്കാന്‍ കാരണം അമിത ഉത്തേജക മരുന്ന് ഉപയോഗമാണെന്ന് കണ്ടെത്തിയിരുന്നു. 

ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ആക്കിയും മറ്റുമാണ് വില്പന. ഒളിപ്പിക്കുന്നത് സ്ത്രീകളുടെ രഹസ്യഭാഗത്തും. ബോട്ടില്‍ ഒന്നിന് വില 500 രൂപയാണ് വില. ഇതില്‍ 00 രൂപ ഏജന്റിനും 100 രൂപ വില്‍പ്പന നടത്തുന്ന സ്ത്രീക്കും ലഭിക്കും. തൊഴിലാളികളുടെ മുറികളില്‍ ഭാര്യയാണെന്ന പേരില്‍ തങ്ങി ബ്രൗണ്‍ഷുഗര്‍ വന്‍ തോതില്‍ വിപണനം ചെയ്യുന്നതായും കണ്ടെത്തല്‍. ഇതു സംബന്ധിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ പൊലീസ് നടത്തിയ പരിശോധനകളില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിവില്പന സംഘമാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്ത് ക്യാമ്പുകളില്‍ എത്തിക്കുന്നത്. പല റൂമുകളില്‍ മാറിമാറി താമസിക്കുന്ന ഇവരുടെ രഹസ്യഭാഗങ്ങളിലാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നത്. പൊലീസ് പിടികൂടാനെത്തിയാല്‍ വിവസ്ത്രയായി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് രീതി. അത്തരം സാഹചര്യങ്ങളില്‍ പിടികൂടുമ്പോഴുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഓര്‍ത്ത് പൊലീസ് കൂടുതല്‍ നടപടികളിലേക്ക് പോകില്ലെന്നതും ലഹരി മാഫിയയ്ക്ക് പഴുതാകുന്നു.

കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു സ്റ്റേഷനില്‍ നാല് ലേബര്‍ ക്യാമ്പുകളില്‍ നിന്നായി സ്ത്രീകളെ പിടികൂടിയിരുന്നു. വലിയ കേസെടുക്കാനുള്ള അളവില്‍ ലഹരിമരുന്ന് ഇവരില്‍ നിന്ന് ലഭിക്കാത്തതിനാല്‍ പതിനായിരം പിഴ ചുമത്തി വിട്ടയച്ചു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നതിനുള്ള സൗകര്യം ഏജന്റാണ് ഒരുക്കി നല്‍കുന്നത്. ലഹരി വിറ്റഴിക്കാനായി നിരവധി സ്ത്രീകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. ഏജന്റിനെകുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചെങ്കിലും സ്ത്രീകള്‍ പിടിയിലായതോടെ ഇയാള്‍ കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K