16 November, 2022 12:32:36 PM


മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; അമേരിക്കയെ വീണ്ടും ഒന്നാമതെത്തിക്കുമെന്ന് പ്രഖ്യാപനം



ഫ്‌ളോറിഡ: 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ തന്റെ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 

ഇത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ മൂന്നാം അങ്കമാണ്. ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024 എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ശേഷം ട്രംപിന്റെ അണികള്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യു എസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്നാണ് വിവരം. അമേരിക്കയുടെ അടുത്ത പ്രസിഡന്‍റെന്ന് പറഞ്ഞാണ് അണികള്‍ പ്രസംഗത്തിനായി ട്രംപിനെ വേദിയിലേക്ക് ക്ഷണിച്ചത്.

ജോ ബൈഡന്‍ ദുര്‍ബലനായ ഭരണാധികാരിയാണെന്ന് തെളിയുന്നുവെന്ന് പറഞ്ഞാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഈ രാജ്യത്തിന് എന്തെല്ലാമായിത്തീരാമെന്ന് ഇതുവരെ ലോകം കണ്ടിട്ടില്ല. നമ്മള്‍ ഒരുമിച്ച് വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K