10 February, 2023 09:53:42 PM


രോഗം തളർത്തിയ ശരീരത്തിലെ തളരാത്ത മനസ്സുമായി അവര്‍ വീണ്ടും സംഗമിക്കുന്നു



കോട്ടയം: മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി എന്നീ രോഗങ്ങള്‍ ബാധിച്ച കേരളത്തിലെ വ്യക്തികളുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്‍റെ കോട്ടയം ജില്ലയിലെ അംഗങ്ങൾ ഫെബ്രുവരി 11 ശനിയാഴ്ച കോട്ടയം സിഎംഎസ് കോളേജിൽ ഒത്തുകൂടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മൈൻഡ് വോളണ്ടിയേഴ്സ് വിങ്ങായ "കൂട്ട്" അംഗങ്ങളും സിഎംഎസ് കോളേജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വരെ നടക്കുന്ന കൂട്ടായ്മയുടെ ഭാഗമാകും.

രാവിലെ 10 മണിക്ക് സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോഷ്വാ സി വർഗീസ് സംഗമം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ അനുഗ്രഹപ്രഭാഷണം നടത്തും. രോഗബാധിതർക്ക് വേണ്ടി രോഗബാധിതരായ വ്യക്തികൾ തന്നെ നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്. രോഗം തളർത്തിയ ശരീരത്തിലെ തളരാത്ത മനസ്സുമായുള്ള ഇവരുടെ പ്രവർത്തനഫലമായി, 2020-21 ലെ  ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നഏറ്റവും മികച്ച സംഘടനയ്ക്കുള്ള കേരള സർക്കാരിന്‍റെ പുരസ്കാരം മൈൻഡ് ട്രസ്റ്റിന് ലഭിച്ചിരുന്നു.

കേരളത്തിലെ മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച വ്യക്തികളുടെ വിവിധങ്ങളായ ക്ഷേമ പ്രവർത്തികൾ ലക്ഷ്യം വെച്ച് 2017 മെയ് ഒന്നിന് രൂപീകൃതമായ സംഘടനയാണ് മൈൻഡ് (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) ട്രസ്റ്റ്. മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി  രോഗബാധിതരായ 550 ഓളം വ്യക്തികളാണ് നിലവിൽ ഈ സംഘടനയിൽ ഉള്ളത്. രോഗത്തെക്കുറിച്ചുള്ള അവബോധം, രോഗികളുടെ വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം, ഗവേഷണം എന്നീ 5 ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മൈൻഡിന്‍റെ പ്രവർത്തനങ്ങൾ.

ഈ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി 17 ഓളം പ്രോജക്ടുകൾ മൈൻഡ് നടപ്പിലാക്കി വരുന്നു. മൈൻഡ് ട്രസ്റ്റിന്‍റെ പ്രവർത്തനഫലമായി നിരവധി അംഗങ്ങൾ വീട്ടിലിരുന്ന് കൊണ്ടുതന്നെ തൊഴിലുകൾ ചെയ്ത് സ്വന്തമായി വരുമാനം കണ്ടെത്താൻ പ്രാപ്തരായി. പഠനം മുടങ്ങിയവർക്ക് തുടർ വിദ്യാഭ്യാസം സാധ്യമാക്കാനും സാധിക്കുന്നു. ഇതുവരെ 6 ജില്ലകളിൽ  കൂട്ടായ്മകൾ സംഘടിപ്പിക്കാന്‍ മൈൻഡ് ട്രസ്റ്റിന് സാധിച്ചു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K