27 March, 2023 09:12:37 PM


പരാതി ലഭിച്ചിട്ടും പരിശോധിച്ചില്ല; നഴ്സ് മരണപ്പെട്ടത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം



കോട്ടയം: പരാതി ലഭിച്ചിട്ടും പരിശോധിച്ചില്ല. കോട്ടയത്തിനടുത്ത് സംക്രാന്തിയിലെ കുഴിമന്തി ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചതിനെതുടര്‍ന്ന് നഴ്സ് മരണപ്പെട്ടത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ഇന്ന് മൂന്ന് ജില്ലകളിലെ വിവിധ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. 


സംക്രാന്തിയിലുള്ള ഹോട്ടൽ പാർക്ക് എന്ന മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും 2022 ഡിസംബര്‍ 29ന് ഭക്ഷണം കഴിച്ച  57 - ഓളം പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ഒരാൾ മരണപ്പെടുകയും ചെയ്തത്. തുടര്‍ന്ന് നിയമ നടപടികൾക്കു ശേഷം  ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ 2022 നവംബര്‍ 14ന് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ വിവരത്തിന് ജി.സി.സി വഴി രണ്ട് പരാതികൾ ലഭിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ നടപടികള്‍ എടുത്തില്ല. ഭക്ഷ്യവിഷബാധക്ക് കാരണമായ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയോ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു.


ഇതുപോലെ ഒട്ടനവധി ക്രമക്കേടുകളാണ് കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.  കോട്ടയം അസിസ്റ്റന്‍റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 2016 മുതൽ 2020 വരെയുള്ള കാലയളവിൽ ഹിയറിംഗ് നടത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച കേസുകളില്‍ ഫൈൻ തുക ഈടാക്കുന്നതിന് നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തി. 46 കേസുകളിലായി 2,45,000/- രൂപയാണ് ഇപ്രകാരം കക്ഷികളിൽ നിന്നും ഈടാക്കാനുള്ളത്.


പരാതികൾ ലഭിച്ചതിനു ശേഷം 6 മുതൽ 37 ദിവസങ്ങൾക്കു ശേഷമാണ് പരിശോധനകൾ  നടത്തിയിരിക്കുന്നതെന്ന് 2022-2023 വർഷത്തെ പരാതി രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും  മനസ്സിലാക്കി. 


കോട്ടയം ഭക്ഷ്യ സുരക്ഷാ ഓഫീസിനു കീഴിൽ ഫാസ്റ്റ് ട്രാക്ക് പദ്ധതി പ്രകാരം ഭക്ഷ്യമേഖലയിലെ നിർമ്മാതാക്കൾ വിതരണക്കാർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്കുള്ള പരിശീലനപരിപാടിയില്‍ അതാത് സർക്കിളിൽ ചിലവഴിക്കുന്ന 15,000/- രൂപയോളം തുക കക്ഷികൾക്ക് നേരിട്ട് നൽകണമെന്നാണ് ചട്ടം. എന്നാല്‍ 2022-ൽ കോട്ടയം, പാലാ എന്നി സർക്കിളുകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ സ്വന്തം അക്കൗണ്ട് വഴി തുക മാറിയെടുത്തതായി കണ്ടെത്തി.


കടുത്തുരുത്തി സർക്കിളിലെ ആകാശ് ചപ്പാത്തി മെക്കിംഗ് എന്ന സ്ഥാപനത്തിൽ നിന്നും 19.07.2021 ൽ പകുതി പാകമായ ചപ്പാത്തിയുടെയും കോട്ടയം സർക്കിളിൽ നിന്നും 05.03.2021ന് കേരള മിക്സറിന്‍റെയും പാലാ സർക്കിളിൽ നിന്നും 24.01.2022ൽ പ്രോവിഷൻസ് സ്റ്റോറിൽ നിന്നും പച്ചപ്പയറിന്‍റെയും സാമ്പിൾ എടുത്തതിന്‍റെ പരിശോധനാഫലം മോശമായിട്ടും ഒരു വർഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടില്ല.




കോടതി ഉത്തരവിലും നടപടിയില്ല

കടുത്തുരുത്തി സര്‍ക്കിളില്‍ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടും കേസ് രജിസ്റ്റർ ചെയ്ത് പാലാ ആര്‍ഡിഓ കോടതിയിൽ ഹാജരാക്കേണ്ടിയിരുന്ന 2022 ലെയും 2023ലെയും പത്തും ജെഎഫ്എം കോടതിയിൽ ഹാജരാക്കേണ്ട 2020, 2022, 2023 വര്‍ഷങ്ങളിലെ അഞ്ചും റിപ്പോർട്ടുകൾ മന:പൂർവ്വം കാലതാമസം വരുത്തി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.  2022, 2023 വര്‍ഷങ്ങളില്‍ നിരീക്ഷണ സാമ്പിൾ ലാബിൽ അയച്ച് റിസൾട്ട് പാേസിറ്റീവ് ആയ 111 സാമ്പിളുകളിൽ നിയമാനുസൃത സാമ്പിള്‍ എടുത്ത് പരിശാേധനയ്ക്ക് അയച്ചതായി കാണുന്നില്ല. പാലാ ആര്‍ഡിഓ കാേടതിയിൽ നിന്നും ഏഴ് കേസുകളില്‍ ഫൈൻ അടക്കുവാൻ ഉത്തരവായിട്ടും തുടർ നടപടി സ്വീകരിച്ചില്ല. 2021, 2022, 2023 കാലയളവിൽ സ്റ്റാറ്റ്യൂട്ടറി സാമ്പിള്‍ എടുത്ത് ലാബിൽ അയച്ചതിൽ റിസൾട്ട് ചാേദിച്ച് തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.


കോട്ടയം ജില്ലയില്‍ കടുത്തുരുത്തി, വടവാതൂര്‍, പാലാ ഓഫീസുകളിലും ഇടുക്കിയില്‍ തൊടുപുഴ, പീരുമേട് എന്നിവിടങ്ങളിലും ആലപ്പുഴയില്‍ ആലപ്പുഴ, മാവേലിക്കര, ചേര്‍ത്തല ഓഫീസുകളിലുമാണ് ഇന്ന് പരിശോധന നടന്നത്. ഡിവൈഎസ്പിമാരായ പി.വി.മനോജ്കുമാര്‍, എ.കെ.വിശ്വനാഥന്‍, വി.ആര്‍. രവികുമാര്‍, ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ള ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോട്ടയം ജില്ലയില്‍ പരിശോധന. ഡിവൈഎസ്പി ഷാജു ജോസ്, ഇന്‍സ്പെക്ടര്‍ ടിപ്സണ്‍ തോമസ് എന്നിവര്‍ ഇടുക്കിയിലും ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഇന്‍സ്പെക്ടര്‍മാരായ ആര്‍ രാജേഷ്കുമാര്‍, എം.കെ.പ്രശാന്ത് കുമാര്‍ എന്നിവര്‍ ആലപ്പുഴയിലും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K