11 April, 2023 08:24:39 PM


റോഡ് വികസനത്തിലൂടെ സാധ്യമാകുന്നത് നാടിന്‍റെ വികസനം: മുഖ്യമന്ത്രി പിണറായി വിജയൻ



കോട്ടയം: റോഡുകൾ വികസിക്കുന്നതിലൂടെ നാടു തന്നെയാണു വികസിക്കുന്നതെന്നും അതിന്‍റെ ഭാഗമായാണ് സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയിലൂടെ റോഡുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  കിടങ്ങൂർ ബൈപാസ് റോഡിന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


47 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ വിവിധ ജില്ലകളിലായി പണി പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം ആലപ്പുഴയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.  എറണാകുളത്ത് ആറ് റോഡുകളും കൊല്ലത്ത് മൂന്ന് റോഡുകളും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ രണ്ട് റോഡുകളും കോട്ടയത്ത് ഒരു റോഡിന്‍റെയും ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്. പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

കിടങ്ങൂർ ബൈപാസ് റോഡിന്‍റെ ഉദ്ഘാടന പരിപാടികൾ കട്ടച്ചിറ കവലയിൽ വച്ച് നടന്നു.  കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് ഏറ്റുമാനൂർ പാല ഹൈവേയെയും മണർകാട് കിടങ്ങൂർ റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡിന്‍റെ പ്രൊപ്പോസൽ നൽകിയതെന്നും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും രണ്ടു കോടി രൂപയുടെ പ്രൊപ്പോസൽ അനുവദിച്ചപ്പോൾ റോഡിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്ന് കോടി രൂപ അനുവദിച്ച സർക്കാരിനെ അഭിനന്ദിക്കുന്നതായി  ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോൻസ് ജോസഫ് എംഎൽഎ അഭിനന്ദിച്ചു. നവീകരണത്തിനായി സ്ഥലം സൗജന്യമായി വിട്ടുനൽകിയവരെയും മോൻസ് ജോസഫ് എം.എൽ.എ. അഭിനന്ദിച്ചു. 


പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോൺ, കിടങ്ങൂർ ഗ്രാമ പഞ്ചായത്തംഗം രശ്മി രാജേഷ്, പൊതുമരാമത്ത് നിരത്ത് പാലാ ഉപവിഭാഗം അസിസ്റ്റന്‍റ്എക്സിക്യൂട്ടീവ് എൻജിനീയർ ടി.കെ. സന്തോഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എസ്. ജയൻ, സിറിയക് തോമസ്, വി.കെ സുരേന്ദ്രൻ, ജോസ് തടത്തിൽ, തോമസ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K