25 May, 2023 05:09:15 PM


ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പക്ഷിയിടിച്ചു; വൻദുരന്തം ഒഴിവായി



മംഗളൂരു: ദുബായിലേക്കുള്ള വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് പക്ഷിയിടിച്ചത്. 

വിമാനം പറയുന്നുയരുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.

ഇന്ന് രാവിലെ എട്ടരയോടെ ആണ് സംഭവം ഉണ്ടായത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ തുടങ്ങിയപ്പോഴാണ് ചിറകുകളിലൊന്നില്‍ പക്ഷി ഇടിച്ചത്. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.

വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി. ബാംഗ്ലൂര്‍ വഴിയാണ് പകരം വിമാനം ഏര്‍പ്പെടുത്തിയത്. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K