02 June, 2023 02:30:56 PM


സംസ്ഥാനത്ത് കോഴിയിറച്ചി വില കിലോയ്ക്ക് 160-180 രൂപയിലേക്ക്



തിരുവനന്തപുരം:  സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ മുകളിലേക്ക്. ഒരാഴ്ച മുൻപ് കിലോയ്ക്ക് 145-150 ഉണ്ടായിടത്ത് ഇപ്പോൾ 160-180 രൂപയായി. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപ വരെ ഈടാക്കുന്നുണ്ട്‌. ചൂട് കാരണം ഫാമുകളിൽ കോഴി ഉത്പാദനം കുറഞ്ഞതും കോഴിത്തീറ്റയുടെ വിലവർധനയുമാണ് വില ഉയരാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു.

50 കിലോ കോഴിത്തീറ്റ ചാക്കിന്‍റെ വില അടുത്തിടെ 700 രൂപയാണ് കൂടിയത്. കനത്ത ചൂടിൽ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും വിലക്കയറ്റത്തിന് കാരണമായതായി പറയുന്നു. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെ ഇറച്ചി വിപണികളിലേക്ക് കോഴിയെത്തുന്നത്. വില ഇനിയും ഉയർന്നാൽ ഹോട്ടലുകളിലെ ഭക്ഷണ വിലയും ബാധിക്കുമെന്ന് ഉറപ്പാണ്.

മുൻപ് സംസ്ഥാനത്തേക്ക് ആവശ്യമായ കോഴിയുടെ 50 ശതമാനം വരെ തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നു. അത് കോവിഡിനുശേഷം പഴയപടി 20 ശതമാനമായി. കോവിഡ് കാലത്തും അതിനുശേഷവും നഷ്ടം കാരണം നിരവധി ഫാമുകൾ പൂട്ടിപ്പോയതാണ് തദ്ദേശീയ ഉത്പാദനക്കുറവിന് ഇടയാക്കിയത്. ട്രോളിംഗ് നിരോധനം വരുന്നതോടെ കോഴിക്ക് ഡിമാൻഡ് വർധിക്കുമെന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് വിവരം. ഇതോടെ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K