05 June, 2023 11:05:25 AM


പൂശാനം പെട്ടിയിൽ നിന്ന് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റിയേക്കും



കമ്പം: തമിഴ്നാട് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റുമെന്ന് സൂചന. തിരുനെൽവേലി ജില്ലയിലെ പാപനാശം കാരയാർ അണക്കെട്ടിലെ വനമേഖലയിലാണ് തുറന്നുവിടാൻ ഉദ്ദേശിക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

ഇന്ന് പുലർച്ചെയാണ് അരിക്കൊമ്പനെ പൂശാനം പെട്ടിയിൽ നിന്ന് പിടികൂടിയത്. അരിക്കൊമ്പനുമായുള്ള വാഹനം യാത്ര തുടരുകയാണ്. കൊമ്പന്‍റെ തുമ്പിക്കൈയിൽ നല്ല പോലെ മുറിവേറ്റിട്ടുണ്ടെന്നാണ് പുറത്ത് വന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.  സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ  കമ്പം ജനവാസ മേഖലയിലേക്ക് ഇറങ്ങി. 

കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലേക്ക് എത്തിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു . തേനിയിലെ പൂശാനംപെട്ടിക്ക് സമീപം പുലർച്ചെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോഴാണ് മയക്കുവെടിവച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. 

കഴിഞ്ഞ ദിവസം കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. 
ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്‍റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K