19 June, 2023 11:34:40 PM


റോഡ്‌ നിര്‍മ്മാണത്തില്‍ അഴിമതി: മുൻ എൻജിനീയർമാർക്കും കരാറുകാരനും കഠിന തടവും പിഴയും



തിരുവനന്തപുരം : പത്തനംതിട്ട പമ്പ ഇറിഗേഷൻ പ്രോജക്ടിന്‍റെ ഭാഗമായി റോഡ്‌ നിര്‍മ്മാണത്തില്‍  അധികമായി  അളവുകള്‍ രേഖപ്പെടുത്തി പണം തട്ടിയ  കേസില്‍ മുൻ അസിസ്റ്റന്റ് എൻജിനീയറെയും,  കോഴഞ്ചേരി മുന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെയും കരാറുകാരനെയും തിരുവനന്തപുരം വിജിലൻസ് കോടതി കഠിനതടവിനും, പിഴ  ഒടുക്കുന്നതിനും ശിക്ഷിച്ചു.

2004-2005 കാലഘട്ടത്തിൽ പമ്പ ഇറിഗേഷൻ പ്രോജക്ട് ഇരവിപേരൂർ അസിസ്റ്റന്റ് എൻജിനീയറായിരുന്ന തോമസ് ജോണിനെയും കോഴഞ്ചേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്ന ജോർജ് സാമിനേയും കരാറുകാരനായിരുന്ന ജേക്കബ് ജോണിനെയുമാണ് ചെയ്യാത്ത ജോലികൾ ചെയ്തെന്ന് കാട്ടി അഴിമതി നടത്തിയതിന് ശിക്ഷിച്ചത്.

കൂടുതല്‍ അളവുകള്‍   രേഖപ്പെടുത്തി 3,06,548/- രൂപ അധികമായി കരാറുകാരന് നല്‍കിയതിന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എൻജിനീയർമാരെ വിവിധ വകുപ്പുകളിലായി  ആയി ആറുവർഷം വീതം കഠിനതടവിനും  1,05,000/- രൂപ കൊടുക്കുന്നതിനും കരാറുകാരനായ ജേക്കബ് ജോണിനെ നാല് വർഷം കഠിന തടവിനും  ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. 

പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി സി.പി ഗോപകുമാര്‍ രജിസ്റ്റർ ചെയ്ത്  മുന്‍ ഇൻസ്പെക്ടർ വി.എന്‍ സജി അന്വേഷണം നടത്തി  മുന്‍  ഡി.വൈ.എസ്.പി  ബേബി ചാൾസ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന്  കണ്ടെത്തി ശിക്ഷിച്ചത്. പ്രോസീക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസീക്യൂട്ടർ രഞ്ജിത് കുമാർ എൽ. ആർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K