30 June, 2023 12:40:29 PM


കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണം- സുപ്രീം കോടതിയില്‍ ഹര്‍ജി



ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നൊടുക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. കലാപ സമാനമായാണ് കേരളത്തില്‍ നായകളെ കൊല്ലുന്നത്. എബിസി ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായകളെ പ്രാകൃതമായ രീതിയില്‍ കൊന്നൊടുക്കുകയാണ്. 

തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിവേകമില്ലാതെ തെരുവ് നായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.

അക്രമണകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ജൂണ്‍ 21ന് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകാത്തതിനാലും ആവശ്യം അംഗീകരിക്കാന്‍ സാധ്യത ഇല്ലെന്നും മനസിലാക്കി തെരുവ് നായകള്‍ക്കെതിരെ വ്യാപക അക്രമം കേരളത്തില്‍ അഴിച്ച് വിട്ടിരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K