08 July, 2023 07:09:05 PM


ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ; വന്ദേഭാരതിന് ഉൾപ്പെടെ ബാധകം



ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ റെയിൽവേ. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ് നല്‍കുക.

ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും. വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരുവര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

25 ശതമാനം വരെ എസി ചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

കേരളത്തില്‍ വന്ദേഭാരത് ട്രെയിനില്‍  ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും വന്ദേഭാരതില്‍ കാര്യമായ യാത്രക്കാരില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം. 

തീരുമാനം നടപ്പിലാക്കാനുള്ള അധികാരം സോണല്‍ റെയില്‍വേക്കാണ് നല്‍കിയിരിക്കുന്നത്. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ ഈ സ്കീം ബാധകമായിരിക്കും.

അടിസ്ഥാന നിരക്കിൽ പരമാവധി 25% വരെയാണ്  ഇളവ് നല്‍കുക. ഈ സ്കീമിന്‍റെ വ്യവസ്ഥ 1 വർഷം വരെ ബാധകമായിരിക്കും. ഇളവ് അവതരിപ്പിക്കുന്നതിനുള്ള അധികാരം സോണൽ റെയിൽവേയെ ഏൽപ്പിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്‍റെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K