28 July, 2023 04:11:12 PM


കോളെജ് പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ല- മന്ത്രി ആർ. ബിന്ദു



തിരുവനന്തപുരം: സർക്കാർ കോളെജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദു. ആകെ 55 ഒഴിവുകളാണ് നിലവിൽ ഉള്ളത്. നിയമന പട്ടികയിൽ ആദ്യം 67 പേരായിരുന്നു ഉണ്ടായിരുന്നത് തുടർന്ന് സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആയി ചുരുക്കുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

67 ൽ നിന്നും 43 ആയി ചുരുങ്ങിയതോടെ പരാതികൾ വ്യാപകമായി ഉയർന്നു. ഇതിലെ പരാതികൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടു. സബ് കമ്മിറ്റി രൂപീകരിച്ചത് നിയമപ്രകാരമാണോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ അന്തിമ പട്ടിക ആയിട്ടില്ല. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ മുൻപിൽ ചില പരാതികൾ എത്തിയിരുന്നു. ഇതിൽ ചില ഇടക്കാല കോടതി വിധികൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമെ ലിസ്റ്റ് അംഗീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സർക്കാരിന്‍റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K