02 August, 2023 04:43:53 PM


ലൈഫ് മിഷൻ കേസ്; എം. ശിവശങ്കറിന് ചികിത്സയ്ക്കായി രണ്ട് മാസം ജാമ്യം



ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സുപ്രീം കോടതി രണ്ടുമാസം ജാമ്യം അനുവദിച്ചു. ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അതിശക്തമായി എതിർത്തു.

കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ ആശുപത്രിയിൽ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിന് ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ചൂണ്ടിക്കാട്ടി.

ശിവശങ്കർ ചികിത്സ തേടിയ എറണാകുളത്തെ ആശുപത്രിയും വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചു കോടതി വ്യക്തമാക്കി. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിന് മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.

യുഎഇ റെഡ് ക്രെസന്‍റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്‍റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ ഡി കേസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K