14 August, 2023 05:11:37 PM


സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തിട്ടില്ല- ഇഡി



ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇഡി. ഇന്നലെ ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽവെച്ച് അശോകിനെ ഇഡി കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോർട്ടുകൾ. 

ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാർത്തകുറിപ്പ് പുറത്തിറക്കി.

നേരത്തെ സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഇഡി സ്ഥിരീകരിച്ചത് അദ്ദേഹത്തിന്‍റെ ഭാര്യ ഹെബിയസ് കോർപ്പസ് ഹർജി നൽകിയ ശേഷമാണ്. ശനിയാഴ്ച സെന്തിൽ ബാലാജിക്കെതിരെ ഇഡി ചെന്നൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 3000- ത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 

2011 മുതൽ 2015 വരെ ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു സെന്തിൽ ബാലാജി. അന്ന് ഗതാഗത മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് ബാലാജിക്കെതിരെ കേസ് എടുത്തതും പിന്നീട് ഇ ഡി  എറ്റെടുക്കുന്നതും. 

2018-ലാണ് ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെയിൽ എത്തിയത്. 2021 -ൽ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച് സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായി. അതിന് ശേഷമാണ് ബാലാജിക്കെതിരെയുള്ള അഴിമതി കേസ് ഇഡി ഏറ്റെടുക്കുന്നത്.

നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ഇദ്ദേഹം. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറിയിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്നും ബാലാജിയെ നീക്കാൻ സ്റ്റാലിൻ തയ്യാറായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K