15 August, 2023 03:56:37 PM


അടുത്ത വർഷം മോദി വീട്ടിൽ പതാക ഉയർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ



ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ലെ സ്വാതന്ത്ര്യദിനത്തിലും പതാക ഉയർത്തുമെന്ന് ഇപ്പോഴേ പറയുന്നത് അഹങ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.  

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിൻ്റെ കാരണം വ്യക്തമാക്കുന്ന വീഡിയോയിലാണ് പ്രധാനമന്ത്രിക്കെതിരെ ഗാർഗെ രംഗത്ത് വന്നത്. അടുത്ത വർഷം മോദി ദേശീയ പതാക ഉയർത്തും, എന്നാൽ ചെങ്കോട്ടയിൽ ആയിരിക്കില്ല മോദിയുടെ വീട്ടിൽ ആകും പതാക ഉയർത്തുക എന്നാണ് ഗാർഗെ പറഞ്ഞത്.

'അടൽ ബിഹാരി വാജ്പേയ് ഉൾപ്പെടെയുള്ള എല്ലാ പ്രധാനമന്ത്രിമാരും രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുകയും വികസനത്തിനായി നിരവധി നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജനാധിപത്യവും ഭരണഘടനയും സ്വയംഭരണ സ്ഥാപനങ്ങളും ഗുരുതരമായ ഭീഷണിയിലാണെന്ന് വേദനയോടെയാണ് ഞാൻ പറയുന്നത്. പുതിയ മാർഗങ്ങളുപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് നോക്കുന്നത്.

സി ബി ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി റെയ്ഡുകൾ എന്നിവക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുർബലപ്പെടുത്തുകയാണ്. പ്രതിപക്ഷ എം പിമാരുടെ വായ് മൂടിക്കെട്ടുന്നു,അവരെ സസ്പെൻഡ് ചെയ്യുന്നു, അവരുടെ മൈക്കുകൾ നിശബ്ദമാക്കുന്നു, പ്രസംഗങ്ങൾ നീക്കം ചെയ്യുന്നു.', വീഡിയോയിൽ ഖാർഗെ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K