02 September, 2023 08:14:10 AM


ഇന്ത്യയുടെ ആദ്യ സൗരദൗത്യം; ആദിത്യ എല്‍ 1 ന്‍റെ വിക്ഷേപണം ഇന്ന്



ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 ന്‍റെ  വിക്ഷേപണ വാഹനം പിഎസ്‌എല്‍വി സി 57 ആണ്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്ബര്‍ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം നടക്കുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് ഇസ്രോ പേടകത്തെ അയക്കുന്നത്.

എല്‍ വണ്ണിന് ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് വിക്ഷേപണത്തിനുള്ള 23 മണിക്കൂര്‍ 40 മിനുട്ട് കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ തുടങ്ങി. സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാമെന്നാണ് പ്രതീക്ഷ.

സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം ആണിത് .സൂര്യനിലേക്ക് നേരിട്ട് എത്തില്ലെങ്കിലും സൗരയൂഥത്തിന്റെ ഊര്‍‌ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ആദിത്യ. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.

ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാല്‍ 365 ദിവസം കൊണ്ട് ആദിത്യ എല്‍ വണ്ണും സൂര്യനെ ചുറ്റി വരും. ഏഴ് പേ ലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതില്‍ നാലെണ്ണം റിമോട്ട് സെൻസിങ്ങ് ഉപകരണങ്ങളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K