24 September, 2023 02:38:30 PM


രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു



തിരുവനന്തപുരം: കേരളത്തിന്‍റെ രണ്ടാം വന്ദേഭാരതിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന്ഉച്ചയ്ക്ക് ഒരു മണിയോടെ ഓണ്‍ലൈന്‍ വഴിയായിരുന്നു ഉദ്ഘാടനം. കേരളത്തിലേത് അടക്കം 9 വന്ദേഭാരത് എക്സ്പ്രസുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വെമന്ത്രി അശ്വിനി വൈഷ്ണവ് സംബന്ധിച്ചു.

രാജ്യത്ത് എല്ലായിടത്തും വന്ദേഭാരത് ട്രെയിനുകൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാസർഗോട്ടു നിന്നും ക്ഷണിക്കപ്പെട്ട അതിഥികളുമായായിരുന്നു പുതിയ വന്ദേഭാരതിന്‍റെ ആദ്യയാത്ര. ആദ്യ വന്ദേഭാരത് വെള്ള നിറത്തിലുള്ളതായിരുന്നെങ്കിൽ രണ്ടാമത്തേത് കാവി നിറത്തിലാണുള്ളത്. അകത്ത് സീറ്റുകളുടെ നിറത്തിലും വിത്യാസമുണ്ട്. നീല നിറമുള്ള സീറ്റുകളുള്ള വന്ദേഭാരത് ട്രെയിനിൽ 8 കോച്ചുകളാണുള്ളത്.

കാസർഗോഡ്-തിരുവനന്തപുരം എക്സ്പ്രസ് കൂടാതെ ഉദയ്പൂർ-ജയ്പൂർ, തിരുനെൽവേലി-മധുരൈ-ചെന്നൈ, ഹൈദരാബാദ്-ബംഗളൂരു, വിജയവാഡ-ചെന്നൈ, പറ്റ്ന-ഹൗറ, റൂർക്കല-ഭുവനേശ്വർ-പുരി, റാഞ്ചി-ഹൗറ, ജാംനഗർ-ഹൈദരാബാദ് എന്നിവയും ഫ്‌ളാഗ് ഓഫ് ചെയ്തു.

ഔദ്യോഗിക സർവീസല്ലാത്ത ഇന്ന് പതിവ് സ്റ്റോപ്പുകൾക്ക് പുറമെ കൂടുതൽ സ്റ്റേഷനിൽ നിർത്തുന്ന ട്രെയ്ൻ രാത്രി 12ന് തിരുവനന്തപുരത്തെത്തും. 26ന് വൈകുന്നേരം 4.05ന് ഈ ട്രെയ്ൻ കാസർഗോഡേയ്ക്ക് തിരിക്കും. 27 മുതൽ റഗുലർ സർവീസ് ആലപ്പുഴ വഴി തുടങ്ങും.

കാസർഗോഡ് - തിരുവനന്തപുരം എസി ചെയർകാറിന് 1555 രൂപയും എക്സിക്യൂട്ടിവ് ചെയർകാറിന് 2835 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രണ്ടാം വന്ദേ ഭാരത് ട്രയൽ റൺ പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ട് ട്രെയ്ൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തി. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് രാത്രി 11.35 നാണ് കാസർകോട് എത്തിയത്.

ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുന്ന രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 7 മണിക്ക് കാസർകോട് നിന്ന് യാത്ര ആരംഭിച്ച് വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 11.58ന് കാസർകോട്ട് എത്തി അന്നത്തെ യാത്ര അവസാനിപ്പിക്കും. ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാത്ത മലപ്പുറത്തെ തരൂരിൽ പുതിയ ട്രെയ്നിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പുതിയ വന്ദേഭാരത് എക്സ്പ്രസ് 8 കോച്ചുകളുമായാണ് സർവീസ് നടത്തുക. ടിക്കറ്റ് റിസർവേഷനിൽ ആവേശകരമായ പ്രതികരണമെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K