25 September, 2023 07:10:41 PM


നായ വളർത്തലിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം; കുമാരനെല്ലൂരിൽ 18 കിലോയോളം കഞ്ചാവ് പിടികൂടി



കോട്ടയം: നഗര മധ്യത്തിൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. കുമാരനെല്ലൂർ താമസിക്കുന്ന ഡോഗ് ട്രെയിനറായ കോട്ടയം പാറമ്പുഴ തെക്കേതുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജ് (28)  എന്നയാള്‍  വാടകയ്ക്  താമസിച്ചിരുന്ന വീട്ടിൽ നിന്നും 17.8  കിലോ കഞ്ചാവ്  ജില്ലാ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  വീട്ടിൽ നിന്നും കഞ്ചാവ്  പോലീസ് കണ്ടെടുക്കുന്നത്. 

ഡോഗ് ട്രെയിനറായ ഇയാൾ വാടക വീട്ടില്‍  ഡോഗ് ഹോസ്റ്റൽ നടത്തിവരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു ഇയാൾ കഞ്ചാവ് കച്ചവടം  നടത്തിയിരുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് പോലീസ് സംഘം  പരിശോധനയ്ക്കായി ഇയാളുടെ വീട് വളഞ്ഞത്. ഇത് മനസ്സിലാക്കിയ റോബിൻ  മുന്തിയ ഇനത്തിൽപ്പെട്ട 13 ഓളം പട്ടികളെ  പോലീസിനെ ആക്രമിക്കുന്നതിനായി  അഴിച്ചുവിട്ട്  ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു. 

തുടർന്ന് ജില്ലാ ഡോഗ്സ്‌ക്വാഡ് സ്ഥലത്തെത്തി പട്ടികളെ കൂട്ടിൽ ആക്കിയതിനുശേഷമാണ് ഇയാളുടെ വീടിനുള്ളിൽ പരിശോധന നടത്തിയത്. കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലും,  കൂടാതെ മുറിക്കുള്ളിൽ  രണ്ട് ട്രാവലർ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു   കഞ്ചാവ് കണ്ടെത്തിയത്. ഉടമകൾ തങ്ങളുടെ വീട് പൂട്ടി പുറത്തു പോകുമ്പോൾ പട്ടികളെ പരിപാലിക്കുന്നതിനായി ഇയാളുടെ ഡോഗ് ഹോസ്റ്റലിൽ ആണ്  ഏൽപ്പിച്ചിരുന്നത്. പട്ടികളെ കാക്കി കണ്ടാൽ കടിക്കണം എന്ന രീതിയിലായിരുന്നു ഇയാൾ ട്രെയിനിങ് കൊടുത്തിരുന്നത്. ഇയാൾ ഡോഗ് ട്രെയിനിങ്ങിനായി പോയിരുന്ന സമയത്ത് കാക്കിയിട്ടവരെ പട്ടിയെ കൊണ്ട് കടിപ്പിക്കുന്നതെങ്ങനെ എന്ന തരത്തിൽ ചോദിച്ചതിനെ തുടർന്ന് പരിശീലന സ്ഥലത്ത് നിന്നും ഇയാളെ പുറത്താക്കിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. 

ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം നർക്കോട്ടിക് സെൽ  ഡി.വൈ.എസ്.പി ജോൺ സി, കോട്ടയം ഡി.വൈ.എസ്.പി മുരളി എൻ.കെ, ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ സുധി കെ.സത്യപാലൻ,എ.എസ്.ഐ പദ്മകുമാര്‍  എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. 

നിലവിൽ ഇവിടെ 13 ഡോഗുകളാണ് ഉള്ളത് ഇവയുടെ ഉടമസ്ഥരെ കണ്ടെത്തി അവർക്ക് കൈമാറുമെന്നും, കുടാതെ ഈ കേസിൽ വിശദമായ അന്വേഷണത്തിനായി കോട്ടയം ഡിവൈസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും,  ഈ കേസിൽ റോബിനെ കൂടാതെ മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ യെന്നും   അന്വേഷിച്ച് വരികയാണെന്ന്  ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K