02 October, 2023 02:05:26 PM


ഗ്രീഷ്മ സുപ്രീംകോടതിയിൽ; ഷാരോൺ കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം



ന്യൂഡല്‍ഹി: കാമുകനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്‍റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക്  മാറ്റണമെന്നാണ് ആവശ്യം. 

ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. 

നിലവിൽ നെയ്യാറ്റികര അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കൂടാതെ കന്യാകുമാരിയിൽ നിന്ന് വിചാരണനടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹർജി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. 

കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്.  പൊലീസ് കസ്റ്റഡിയിൽ കഴിയവെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ഗ്രീഷ്മയും ഷാരോണും പ്രണയബന്ധനായിരുന്നു. പിന്നീട് ഗ്രീഷ്മയ്ക്ക് നല്ല സാമ്പത്തിക ശേഷിയുള്ള സൈനികന്‍റെ വിവാഹ ആലോചന വന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ്  ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്‍റെ കുറ്റപത്രം. 

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി. എന്നാൽ കൈപ്പാണെന്ന് പറഞ്ഞ് ഷാരോൺ ഇത് തുപ്പി കളഞ്ഞതോടെ ആശ്രമം പരാജയപ്പെട്ടു. തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 14 ന് സെക്സ് ചാറ്റ് നടത്തിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. ഷാരോണിന്‍റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഈ രണ്ടുപേരെയും പോലീസ് പ്രതിചേർത്തു.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K