03 October, 2023 10:11:28 AM


കോഴിക്കോട് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; യുവതി ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍



കോഴിക്കോട്: ഡോക്ടറെ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ. മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എൻ.പി. ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇവര്‍ ഡോക്ടറുമായി പരിചയപ്പെടുകയും തുടര്‍ന്ന് ഡോക്ടറുടെ റൂം മനസിലാക്കിയ സംഘം ആയുധവുമായി പുലര്‍ച്ചെ റൂമിലെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവര്‍ പണം ആവശ്യപ്പെട്ടുവെങ്കിലും കൈവശം പണമില്ലെന്ന് മനസിലായപ്പോള്‍ ഗൂഗിള്‍ പേ വഴി 2,500 രൂപ അയപ്പിച്ചു.

പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനായിരുന്നു പണം തട്ടിയെടുത്തത്. പോലീസ് പിടികൂടാതിരിക്കാൻ അനസും അനുവും ഡല്‍ഹിയിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു. ഇതിനിടയിലാണ് പോലീസിന്‍റെ പിടിയിലായത്.

ഇവരില്‍നിന്ന് ബൈക്കുകളും മൊബൈല്‍ ഫോണുകളും വടിവാളും പൊലീസ് കണ്ടെടുത്തു. ടൗണ്‍ ഇൻസ്പെക്ടര്‍ ബൈജു കെ.ജോസിന്‍റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, കോഴിക്കോട് ആന്‍റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.പി.ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K