15 November, 2023 05:09:27 PM


സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തു വിട്ടയച്ചു; ഇനി വിളിക്കുമ്പോൾ കോടതിയിൽ ഹാജരായാല്‍ മതി



കോഴിക്കോട്: മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടന്‍ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് സുരേഷ് ​ഗോപിക്ക് നോട്ടീസ് നൽകി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ രണ്ട് മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യം ചെയ്തു. ബിജെപി പ്രവർത്തകരുടെ പദയാത്രയ്ക്കൊപ്പമാണ് സുരേഷ് ​ഗോപി നടക്കാവ് സ്റ്റേഷനിൽ എത്തിച്ചേ‍ർന്നത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടൻ പിന്തുണച്ച നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു.

നേരത്തെ തന്നെ നടക്കാവ് പൊലീസ് 354 (എ (1,4)) വകുപ്പ് പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. അതുകൊണ്ട് തന്നെ അറസ്റ്റ് നടപടികളിലേക്ക് കടക്കാതെ നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. ഇനി ആവശ്യമെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ വിളിപ്പിച്ചാൽ മാത്രം ഹാജരായാൽ മാതി. കൂടാതെ കോടതിയിലേക്ക് കേസ് എത്തുന്ന സാഹചര്യമാണെങ്കിൽ കോടതി വിളിപ്പിക്കുമ്പോൾ മാത്രം ഹാജരായാൽ മതി. മുമ്പ് കേസുകളിലോ അനുബന്ധ പ്രവർത്തികളിലോ ഏര്‍പെട്ടിരുന്നയാളല്ല, മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുകൊണ്ടാണ് പൊലീസ് നിലപാട് സ്വീകരിച്ചത്.

സുരേഷ് ​ഗോപിയുടെ ഇന്നത്തെ ചോദ്യംചെയ്യൽ രാഷ്ട്രീയ വിഷയമായാണ് ബിജെപി കൈകാര്യം ചെയ്തത്. ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നേതാക്കളും പ്രവർത്തകരും പദയാത്ര നടത്തുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കള്‍ സുരേഷ് ഗോപിക്കൊപ്പം എത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K