15 November, 2023 11:30:40 AM


സുരേഷ് ഗോപിയെ ചോദ്യം ചെയ്യാന്‍ വന്‍സന്നാഹങ്ങള്‍ ഒരുക്കി പോലീസ്



കോഴിക്കോട്: മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കാത്ത് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറി (Police Interrogation Room). ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്.

180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ട്. എന്നാൽ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല.

വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനമാണിത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. വന്ദേഭാരത് ട്രെയിനിൽ കോഴിക്കോട് എത്തിയ സുരേഷ് ഗോപി പതിനൊന്നുമണിയോടെ സ്‌റ്റേഷനിൽ എത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു നോട്ടിസ് നൽകിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K