07 October, 2023 11:02:32 AM


സിക്കിമില്‍ മരിച്ചവരുടെ എണ്ണം 53 ആയി; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു



ടാങ്‌ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇതിൽ 7 പേർ സൈനികരാണെന്നാണ് റിപ്പോർട്ട്. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ 142 പേര്‍ക്കായി തിരച്ചിൽ തുടരുകയാണ്. വടക്കന്‍ സിക്കിമിലേക്കുള്ള ആശയവിനിമയം പൂര്‍ണമായും തടസപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ‌ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

25000 ത്തോളം ആളുകളാണ് പ്രളയ ദുരിതം അനുഭവിക്കുന്നത്. വിവിധ ഭാഗങ്ങളിലായി 13 പാലങ്ങള്‍ ഒലിച്ചു പോയി. 2413 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായാണ് ഔദ്യോഗിക വിവരം. 6,875 പേരെ ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍ച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 22 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഷാക്കോ ചോ തടാകത്തിലെ പ്രളയ സാധ്യത മുന്നില്‍ കണ്ട് സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. ടീസ്റ്റ നദിയിലെ ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K