09 October, 2023 07:06:16 PM


വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്​സിലെ തീപിടുത്തം: ഫോറൻസിക് പരിശോധനയ്ക്ക് നിർദ്ദേശം



കോട്ടയം: വൻ തീപിടുത്തമുണ്ടായ കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്​സ് ലിമിറ്റഡിൽ കളക്ടർ നിയോഗിച്ച അന്വേഷണ സംഘം വിദഗ്ധ പരിശോധന നടത്തി. പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്ര ബാബു അന്വേഷണ ഉദ്യോഗസ്ഥനായുള്ള ആറംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു​ സംയുക്ത പരിശോധന.

ഇന്ന് ഉച്ചക്ക്​ രണ്ടുമണിയോടെ എത്തിയ അന്വേഷണ സംഘം യോഗം ചേർന്നു. തുടർന്ന്  തീപിടിത്തമുണ്ടായ പ്ലാന്‍റ്​ പരിശോധിച്ചു. തുടർന്ന് ആദ്യം തീ കണ്ട ഡ്രയറിന് സമീപമുള്ള ഭാഗത്ത് അടക്കം ഫോറൻസിക്​ പരിശോധനയ്ക്ക് സംഘം തീരുമാനിച്ചു. ഇതനുസരിച്ച്​ അടുത്ത ദിവസം പോലീസിന്‍റെ ഫോറൻസിക്​ സംഘം പരിശോധിക്കും.

ഷോർട്ട്​ സർക്യൂട്ട്​ ആണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ തീപിടിത്തത്തിനു കാരണമായതെന്ന്​ അന്വേഷിക്കും. ഇതിന്‍റെ  ഭാഗമായി അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ട്​. വിവിധ വകുപ്പുകളിലെ ഉദോഗസ്ഥരുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച്​ അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്​​ റിപ്പോർട്ട്​ നൽകും. അന്തിമ പരിശോധനാ റിപ്പോർട്ട് ഈ മാസം 30 നകം ജില്ല കലക്ടർക്ക്​ കൈമാറും.

കോട്ടയം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി. ജിജു, വൈക്കം എ.എസ്.പി. നകുൽ ദേശ്മുഖ്, കോട്ടയം ഇലക്ട്രിക്കൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ വി.എം. ബീന, കോട്ടയം ജില്ല ഫയർ ഓഫിസർ റജി വി. കുര്യാക്കോസ്, കെ.എസ്.ഇ.ബി കോട്ടയം ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജമിലി എന്നിവരടങ്ങുന്ന സംഘമാണ് കമ്പനിയിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 5 നാണ്  കെ.പി.പി.എല്ലിൽ തീപിടിത്തമുണ്ടായത്​.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K