13 October, 2023 04:32:45 PM


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മധ്യ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാടിന് മുകളില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. വരും മണിക്കൂറുകളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K