16 October, 2023 01:14:42 PM


ഉത്തരാഖണ്ഡിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി



ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോരഗഡിന് സമീപം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 9.11നാണ് ഉണ്ടായത്. പിത്തോരഗഡില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഇന്നലെയും ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനിൽ വീണ്ടും തുടര്‍ഭൂചലനമുണ്ടായി. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 4 പേര്‍ മരിക്കുകയും 153 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ രാവിലെ 8 നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. 

പടിഞ്ഞാറന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് 33 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യചലനം നടന്ന് 20 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. ഭൂചലനത്തില്‍ റബത് സാംഗി ജില്ലയിലെ ബലൂച് മേഖലയില്‍ നിരവധി ഗ്രാമങ്ങള്‍ തകര്‍ന്നതായാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K