21 October, 2023 05:22:50 PM


വിദ്യാരംഭം: വിശ്വാസത്തിനു വിരുദ്ധമായി പ്രാര്‍ഥിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത് - ഹൈക്കോടതി



കൊച്ചി: വിദ്യാരംഭത്തിന് കുട്ടികള്‍ എന്തെഴുതണമെന്നതില്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച്‌ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി.

കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവരാജന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. 

ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബര്‍, യേശുവേ സ്തുതി, അമ്മ, അച്ഛന്‍, അ, ആ, ഇ, ഈ(അക്ഷരമാലകള്‍), ഇംഗ്ലീഷ് അക്ഷരമാലകള്‍ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. 

എഴുത്തിനിരുത്ത് ഗ്രന്ഥശാലയില്‍ നടക്കുന്നതിനാല്‍ മതപരമായ ചടങ്ങായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങള്‍ ലംഘിക്കാതെ മതേതര ചിന്തയോടെ നടത്തുന്ന ഇത്തരമൊരു പരിപാടിയില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ല. മതബഹുസ്വരയുള്ള ഭൂമിയാണ് ഇന്ത്യയെന്നും കോടതി പറഞ്ഞു. 

എന്നാല്‍ ഇത് സനാതന ധര്‍മത്തിന് എതിരാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഹൈന്ദവീയം ഫൗണ്ടേഷന്‍ കേരള ചാപ്റ്റര്‍ കണ്‍വീനര്‍ കെ ആര്‍ മഹാദേവനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

2014 മുതല്‍ ഇത്തരത്തില്‍ എഴുത്തിരുത്തല്‍ നടത്തുന്നുണ്ടെന്നും എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാനാണ് വിവിധ പ്രാര്‍ഥനകള്‍ നല്‍കിയിരിക്കുന്നതെന്നും നഗരസഭ കോടതിയില്‍ വിശദീകരണം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K