23 October, 2023 10:22:18 AM


ആശുപത്രി വളപ്പുകളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണം - മന്ത്രി



തിരുവനന്തപുരം സംസ്ഥാനത്തെ ആശുപത്രി വളപ്പുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനങ്ങള്‍ എടുത്ത് പ്രവര്‍ത്തനം വേഗത്തിലാക്കും. ഇവ കേന്ദ്രസര്‍ക്കാരിന്‍റെ സ്‌ക്രാപ് പോളിസി പ്രകാരം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം നിര്‍ബന്ധമാക്കിയ 15 വര്‍ഷങ്ങള്‍ കഴിഞ്ഞ വാഹനങ്ങള്‍ അല്ല. കേന്ദ്രത്തിന്‍റെ വിലക്ക് വന്ന സമയം വരെ, അതായത് മാസങ്ങള്‍ക്ക് മുമ്പ് വരെ ഉപയോഗത്തിലായിരുന്നു. 
'ആര്‍ദ്രം ആരോഗ്യം', താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഇങ്ങനെയുള്ള അനേകം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി. ഏറ്റവും കൂടുതല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ കണ്ടത് കോട്ടയം ജനറല്‍ ആശുപത്രിയിലാണ്.

കോട്ടയം ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍‌ വര്‍ഷങ്ങളായി ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങള്‍ മൂലം അവിടെ ആരംഭിക്കേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന സാഹചര്യവുമുണ്ട്. കാലപ്പഴക്കം കൊണ്ട് ഒരെണ്ണം പോലും ഓടിച്ചു മാറ്റാൻ കഴിയുന്നവയല്ല. സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കല്‍, ഉപയോഗശൂന്യമായ വാഹനത്തിന്‍റെ വാല്യു അസസ്‌മെന്‍റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K