29 October, 2023 01:58:19 PM
കളമശ്ശേരിയിൽ പ്രാർഥനാ യോഗത്തിനിടെ സ്ഫോടനം: ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കളമശേരി സംറ കൺവെഷൻ സെന്‍ററിൽ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമെന്നാണ് ആദ്യ വിവരം. ഒരു സ്ത്രീയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായർ രാവിലെ 9:45-ഓടെ ഉണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. 
മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമീക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.
സ്ഥലത്ത് പൊലീസിന്‍റേയും ഫയർഫോഴ്സിന്‍റെയും പരിശോധന നടക്കുകയാണ്. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
                    
                                

                                        



