29 October, 2023 02:07:18 PM


കളമശേരി സ്ഫോടനം; സ്ഥിതി അതീവ ഗൗരവമെന്ന് കേന്ദ്രം; പ്രാഥമിക റിപ്പോർട്ട് തേടി



കൊച്ചി: കളമശേരിയിൽ നടന്നത് സ്ഫോടനം തന്നെയെന്ന് സ്ഥിതീകരിച്ചു. സ്ഥിതി അതീവ ഗൗരവമെന്ന് കേന്ദ്രം അറിയിച്ചു. എൻഐഎയും ഭീകര വിരുദ്ധസേനയും സ്ഥലത്തെത്തി. സ്ഫോടനത്തിന് ഉപയോഗിച്ചത് ശേഷി കുറഞ്ഞ വസ്തുക്കൾ എന്നാണ് പ്രാഥമീക നിഗമനം. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്രം പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. സംഭവം ഗുരുതരമായി തന്നെ കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.എറണാകുളം കളമശേരി സംറ കൺവെഷൻ സെന്‍ററിൽ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമെന്നാണ് ആദ്യ വിവരം. ഞായർ രാവിലെ 9:45-ഓടെ ഉണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമീക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K