31 October, 2023 07:02:27 PM


കണമലയിൽ ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശ സംവിധാനമൊരുക്കണം- കെ. രാധാകൃഷ്ണൻ



കോട്ടയം: കണമലയിൽ തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ പൊലീസിന്‍റെയും മോട്ടോർ വാഹനവകുപ്പിന്‍റെയും നേതൃത്വത്തിൽ പ്രത്യേക സുരക്ഷാസംവിധാനങ്ങളൊരുക്കാൻ ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ നിർദ്ദേശം നൽകി. ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിലെ മുന്നൊരുക്കം വിലയിരുത്താനായി എരുമേലി ക്ഷേത്രം ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

മറ്റു സംസ്ഥാനങ്ങളിൽനിന്നടക്കം എത്തുന്ന വാഹനങ്ങൾക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാനിർദ്ദേശങ്ങൾ നൽകാനും രാത്രിയിൽ ചുക്കുകാപ്പിയടക്കമുള്ളവ ഡ്രൈവർമാർക്ക് നൽകി ക്ഷീണവും ഉറക്കവും അകറ്റി ജാഗ്രതയോടെ പമ്പയിലേക്ക് പോകാനുമുള്ള സുരക്ഷാസംവിധാനം എരുമേലി, കണമല ഭാഗത്ത് ഒരുക്കാനാണ് നിർദ്ദേശം നൽകിയത്. മുണ്ടക്കയം-കണമല റോഡിൽ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തിയതായും സുരക്ഷയ്ക്കായും 15 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുള്ളതായി ദേശീയപാതാ വിഭാഗം വ്യക്തമാക്കി.


കുറ്റമറ്റനിലയിലും പരാതിരഹിതമായും ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനം സുഗമമാക്കാൻ വിവിധ വകുപ്പുകൾ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ യോഗത്തിൽ ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 

എരുമേലിയിൽ കാർഡിയാക് ആംബുലൻസ് സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും. തീർഥാടനകാലത്ത് അഞ്ചു ഘട്ടങ്ങളിലായി പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. എരുമേലി, കടപ്പാട്ടൂർ, തിരുനക്കര, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമുകൾ തുറക്കും. മേഖലയിലേക്കുള്ള ഇടറോഡുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പു വരുത്താൻ പൊതുമരാമത്ത് നിരത്തുവിഭാഗത്തിന് നിർദേശം നൽകി. ദിശാസൂചന ബോർഡുകൾ, റിഫ്ളക്ടറുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കും. അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ട ഇടങ്ങളിൽ അവ സ്ഥാപിക്കാനും നടപടി സ്വീകരിക്കണം.


കണമല, ഓരുങ്കൽ കടവ്, കൊരട്ടിപാലം, കഴുതകടവ് തുടങ്ങി എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡും സ്ഥാപിക്കും. എരുമേലി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി തുടങ്ങി സമീപ ആശുപത്രിയിൽ ജീവനക്കാരും മരുന്നും ഉണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ഈ ആശുപത്രികളിൽ ആന്റിവെനം, ആന്റി റാബീസ് എന്നിവ ഉണ്ടെന്നും ഉറപ്പാക്കണം. ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലൻസ് എരുമേലിയിൽ എല്ലാദിവസവും ഉണ്ടാകും. ആവശ്യമായ മെഡിക്കൽ സ്‌ക്വാഡിനെ നിയമിക്കാനും ഹോട്ടലുകൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനും ഡി.എം.ഒയെ ചുമതലപ്പെടുത്തി. ആയുർവേദ- ഹോമിയോ മെഡിക്കൽ ടീമിന്റെ സേവനം കടപ്പാട്ടൂർ, എരുമേലി, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ ഏർപ്പെടുത്തും. എല്ലാ ഹോട്ടലുകളിലും അഞ്ചു ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും.


എരുമേലിയിൽ 24 മണിക്കൂറും ശുദ്ധജലലഭ്യത ഉറപ്പ് വരുത്താൻ ജല അതോറിറ്റിക്കു നിർദേശം നൽകി. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് ഫയർ എൻജിനുകളും സഹിതം സജ്ജമാണെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. എരുമേലി, കാളകെട്ടി എന്നിവിടങ്ങളിലായി 43 ജീവനക്കാരെ നിയോഗിക്കും. കെ.എസ്.ആർ.ടി.സി. കൂടുതൽ ബസ് സർവീസുകൾ നടത്തും.

എല്ലാ ഇടത്താവളങ്ങളിലും എരുമേലി മേഖലയിലും തടസമില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിന് കെ.എസ്.ഇ.ബി യ്ക്ക് നിർദേശം നൽകി. 26 ട്രാൻസ്‌ഫോമറുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് സജ്ജമാക്കിയതായും വൈദ്യുതി ലൈനുകളിലെ ടച്ചിംഗ് വെട്ട് അടക്കം പൂർത്തീകരിച്ചതായും കെ.എസ്.ഇ.ബി. അറിയിച്ചു. തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതിനായി അടിയന്തരനടപടി സ്വീകരിക്കാനും നവംബർ 12നകം പൂർത്തീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു.

സീസൺ ലക്ഷ്യമാക്കിയുള്ള അനധികൃതമദ്യം, ലഹരി നിർമാണം, വിൽപ്പന എന്നിവ തടയാൻ കർശന പരിശോധന നടത്തുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. എരുമേലിൽ പ്രത്യേക എക്‌സൈസ് കൺട്രോൾ റൂം തുറക്കും. എരുമേലിയിലെ 228 ടോയ്‌ലറ്റുകളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നതായും ദിവസം 4000 പേർക്ക് ഔഷധകഞ്ഞിയും 1500 പേർക്ക് അത്താഴക്കഞ്ഞിയും ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.

യോഗത്തിൽ ആന്റോ ആന്റണി എം.പി., തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽ കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എസ്.എസ്. ജീവൻ, സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്,  വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K