07 November, 2023 11:48:54 AM


ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരിക്കേറ്റു



റായ്പൂർ: ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ മാവോയിസ്റ്റ് ആക്രമണത്തിൽ സ്ഫോടനം. നക്സൽ ബാധിത സുഖ്മ ജില്ലയിലാണ് സ്‌ഫോടനം നടന്നത്. ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫിന്‍റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

സിആർപിഎഫിന്‍റെയും കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്രാ) 206-ാം ബറ്റാലിയന്‍റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരിക്കേറ്റത്.

നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡിക്ക് മുകളിൽ ചവിട്ടുകയായിരുന്നുവെന്നാണ് വിവരം. 90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള രണ്ട് ഘട്ട തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്‌മെന്‍റിന് കീഴിലാണ് ഈ പ്രദേശം. ഛത്തീസ്ഗഡിലെ കാംകെറിൽ ഇന്നലെയും സ്ഫോടനം ഉണ്ടായിരുന്നു. ഒരു ബിഎസ്എഫ് കോൺസ്റ്റബിളിനും 2 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K