08 November, 2023 04:30:36 PM


മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി



ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. അന്വേഷണ ഏജൻസികൾ അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മാധ്യമപ്രവർത്തകരുടെ താൽപ്പര്യങ്ങൾകൂടി സംരക്ഷിക്കുന്ന രീതിയിൽ മാർഗരേഖ രൂപീകരിച്ചില്ലെങ്കിൽ കോടതി ഇടപെട്ട് മാർഗനിർദേശം ഉണ്ടാക്കുമെന്നും ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെ ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് നൽകിയ പൊതുതാൽപ്പര്യഹർജി പരിഗണിച്ചാണ് നിരീക്ഷണം. നൂറുകണക്കിന് മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സിദ്ധാർഥ് അഗർവാൾ ചൂണ്ടിക്കാട്ടി. സങ്കീർണ വിഷയമായതിനാൽ നിയമപരമായ വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.

ഗൗരവമേറിയ വിഷയമാണിതെന്ന് ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ ചൂണ്ടിക്കാണിച്ചു. മാധ്യമ പ്രവർത്തകർക്ക് വാർത്തകൾ കിട്ടാൻ സ്രോതസ്സുകളുണ്ടാകും. അതുകൊണ്ട് വിഷയത്തിൽ മാർഗരേഖ ആവശ്യമാണ്. എല്ലാംകൂ ടി ഏജൻസികൾ എടുത്തുകൊ ണ്ടുപോകുന്നത് വലിയ പ്രശ്നം തന്നെയാണ്. മാർഗരേഖകൾ പാ ലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം- ജഡ്ജി ആവശ്യപ്പെട്ടു. 

എന്നാൽ, സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് അന്വേഷണ ഏജൻസികളുടെ വഴി മുടക്കാൻ കഴിയില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. അന്വേഷണ ഏജൻസികൾക്ക് എല്ലാ അധികാരങ്ങളും പതിച്ചുകൊടുക്കുന്ന അപകടകരമായ പ്രവണതയോട് യോജിക്കാൻ കഴിയില്ലെന്ന് കോടതി പ്രതികരിച്ചു. ഡിസം ബർ ആറിന് ഹർജി വീണ്ടും പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K