19 December, 2023 08:57:22 PM


ഖാര്‍ഗെ 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണം; നിര്‍ദേശവുമായി മമത ബാനര്‍ജി



ന്യൂഡല്‍ഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗയെ നിര്‍ദേശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന സഖ്യത്തിന്റെ യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എം.ഡി.എം.കെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.


എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്ന് ഖാര്‍ഗെ പറഞ്ഞു. 'എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച്‌ സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മള്‍ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാൻ ശ്രമിക്കണം' പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ദേശം സംബന്ധിച്ച ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.


അതേ സമയം മമതയ്ക്ക് പുറമേ കെജ്രിവാളും ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. ആരും എതിരഭിപ്രായം പ്രകടിപ്പിച്ചില്ല. യോഗത്തില്‍ 28 കക്ഷികള്‍ പങ്കെടുത്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ശരദ് പവാര്‍, ലാലുപ്രസാദ് യാദവ്, നിതീഷ് കുമാര്‍, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എം.കെ. സ്റ്റാലിൻ, അഖിലേഷ് യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K