26 December, 2023 05:52:09 PM


പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: കോട്ടയത്ത് ആറു പേർ അറസ്റ്റിൽ



കോട്ടയം : ഡ്യൂട്ടി നിർവഹണത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.  നട്ടാശ്ശേരി വടവാതൂർ  മധുരം ചേരികടവ് ഭാഗത്ത്  കുന്നമ്പള്ളിൽ വീട്ടിൽ വർഗീസ് മാത്യു (31), ഇയാളുടെ സഹോദരനായ റിജു മാത്യു  (35), നട്ടാശ്ശേരി  വടവാതൂർ പാറേപ്പറമ്പ് ഭാഗത്ത് പാറേപ്പറമ്പിൽ വീട്ടിൽ മഹാദേവ് പി.സജി (24), നട്ടാശ്ശേരി വടവാതൂർ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്പള്ളി വീട്ടിൽ രാഹുൽ രാജ്  (25), വടവാതൂർ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ വീട്ടിൽ എബിൻ ദേവസ്യ (24), വടവാതൂർ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ വീട്ടിൽ മരിയൻ നിധിൻ (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.


24ന് കാലത്ത് 9.45 മണിയോടുകൂടി കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ ഇറച്ചി വാങ്ങാൻ എന്ന വ്യാജേന ചെന്ന ഇവർ, അവിടെനിന്നും പുറമേ നിന്നുള്ളവർക്ക് ഇറച്ചി നൽകാറില്ല എന്ന് അഡ്മിനിസ്ട്രേറ്ററും മറ്റും പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് ഇവർ സ്ഥലത്ത് ബഹളം വയ്ക്കുകയായിരുന്നു. അധികൃതർ പോലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ്  ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെയും, കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും ചീത്ത വിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു.


സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ മാരായ ദിലീപ്കുമാർ, ജിജി ലൂക്കോസ്, മനോജ്കുമാർ, എ.എസ്.ഐ രജീഷ് രവീന്ദ്രൻ, സി.പി.ഓ മാരായ പ്രതീഷ് രാജ്, ഗിരിപ്രസാദം, ദിലീപ് പി.പി, ബിജു കെ.കെ, അനിക്കുട്ടൻ,ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K