30 December, 2023 07:35:07 AM
ഉത്തര്‍പ്രദേശില്‍ നിന്ന് 40,000 നിര്‍മ്മാണ തൊഴിലാളികൾ ഇസ്രായേലിലേക്ക്

ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ നിന്ന് 40,000 നിര്‍മ്മാണ തൊഴിലാളികൾ ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഇസ്രായേലിലേക്ക്. തൊഴില്‍-സേവന ആസൂത്രണ വകുപ്പാണ് ഇതിനായി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാൻ എല്ലാ ജില്ലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 40,000 നിര്‍മ്മാണ തൊഴിലാളികളാണ് പോകുക . 
ഹമാസിന്റെ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ എല്ലാ പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകളും റദ്ദാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തൊഴിലാളികളുടെ വലിയ പ്രതിസന്ധിയാണ് അവിടെ ഉടലെടുത്തിരിക്കുന്നത്. പല മേഖലകളിലുള്ളവരെയാണ് ഇസ്രായേലിന് ഇപ്പോള്‍ ആവശ്യം..നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷൻ ഇന്റര്‍നാഷണല്‍ മുഖേനയാണ് നിര്‍മാണ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുക. പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി പരിചയവും ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഉണ്ടായിരിക്കണം. പ്രായപരിധി 21 മുതല്‍ 45 വയസ്സ് വരെയാണ്.
ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് എല്ലാ മാസവും 6100 ഇസ്രായേലി ന്യൂ ഷെക്കല്‍ കറൻസി വേതനമായി ലഭിക്കും. ഇന്ത്യൻ കറൻസിയില്‍ ഇത് ഏകദേശം ഒന്നരലക്ഷം രൂപയോളം വരും. നിര്‍മ്മാണ ജോലികള്‍, പെയിന്റിംഗ്, വെല്‍ഡിംഗ്, ഷട്ടറിംഗ്, ടൈല്‍സ് ആര്‍ട്ടിസൻസ് തുടങ്ങി ഇസ്രായേലിലേക്ക് പോകുന്ന എല്ലാ തൊഴിലാളികള്‍ക്കും ഇസ്രായേല്‍ സര്‍ക്കാര്‍ താമസസൗകര്യം നല്‍കും.
കാണ്‍പൂരില്‍ ലേബര്‍ കമ്മീഷണര്‍ മാര്‍ക്കണ്ഡേ ഷാഹിയുടെ നേതൃത്വത്തില്‍ ഒരു വെര്‍ച്വല്‍ മീറ്റിംഗ് നടത്തുകയും എല്ലാ തൊഴില്‍ മേഖലകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഇസ്രായേലിലേക്ക് അയക്കും. ഇതിന്റെ തയ്യാറെടുപ്പിനായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കല്‍പന ശ്രീവാസ്തവ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്.
                    
                                

                                        



