30 December, 2023 08:26:34 AM


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍: വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും



ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. 11,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മഹാഋഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കും. അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അയോധ്യയില്‍ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്ത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.

നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വര്‍ധിപ്പിക്കുന്നതിനായി, അയോധ്യയില്‍ പുനര്‍നിര്‍മ്മിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ നാല് റോഡുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയില്‍ 2180 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പിനും പ്രധാനമന്ത്രി തറക്കല്ലിടും.

2024 ജനുവരി 22ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹൻ ഭഗവത് എന്നിവര്‍ ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. സിപിഐഎം,സിപിഐ, ടിഎംസി തുടങ്ങിയ പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമാണ്. സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം അതൃപ്തിയറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K