02 January, 2024 11:36:04 AM
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു; നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ

ധാക്ക: സമാധാന നൊബേൽ ജേതാവും ഗ്രാമീൺ ടെലികോം ചെയർമാനുമായ മുഹമ്മദ് യൂനസിന് തടവ ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. തൊഴിൽ നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ഇന്നലെയാണ് അദ്ദേഹത്തെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. 
യൂനസിനൊപ്പം ഗ്രാമീൺ ടെലികോം ഡയറക്ടറും മുൻ മാനേജിംഗ് ഡയറക്ടറുമായ എംഡി അഷ്റഫുൾ ഹസൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നൂർജഹാൻ ബീഗം, എംഡി ഷാജഹാൻ എന്നിവർക്കും ധാക്ക ലേബർ കോടതി ജഡ്ജി ഷെയ്ഖ് മെറീന സുൽത്താന ശിക്ഷ വിധിച്ചു.
എന്നാൽ 5,000 ടാക്ക വീതം ജാമ്യത്തുക കെട്ടിവെച്ചതിന് പിന്നാലെ യൂനുസിനും മറ്റ് മൂന്ന് പേർക്കും കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചു. കമ്പനിയുടെ അറ്റാദായത്തിന്റെ 5 ശതമാനം ബംഗ്ലാദേശ് നിയമം അനുശാസിക്കുന്ന രീതിയിൽ തൊഴിലാളികൾക്ക് വിതരണം ചെയ്യാത്തതിനെ തുടർന്നാണ് നടപടി. പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാത്തത് ഉൾപ്പെടെയുള്ള വീഴ്ച വരുത്തിയതിനാണ് യൂനുസിനും മൂന്ന് സഹപ്രവർത്തകർക്കും എതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഏറെനാളായി മുഹമ്മദ് യൂനുസ് നല്ല ബന്ധത്തിലല്ല. ഇതുമായി ബന്ധപ്പെട്ടാണ് യൂനുസിനെതിരായ കേസ് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു. "എന്റെ കക്ഷിക്കെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവയെല്ലാം സിവിൽ സ്വഭാവമുള്ളതാണ്. എന്നാൽ തന്റെ ക്ലയന്റിനെതിരെ ക്രിമിനൽ നടപടികൾ ആണ് സ്വീകരിച്ചത് " യൂനസിന്റെ അഭിഭാഷകനായ അബ്ദുല്ല അൽ മാമുൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ഉത്തരവിനെതിരെ 30 ദിവസത്തിനകം ലേബർ അപ്പീൽ ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഹസീന സർക്കാർ യൂനസിനെ അപകീർത്തിപ്പെടുത്താൻ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും ചിലർ ആരോപിക്കുന്നു. നിലവിൽ യൂനസിന്റെ ശിക്ഷാവിധി ഒരു രാഷ്ട്രീയ പ്രേരിത സംഭവമായി കണക്കാക്കി ബംഗ്ലാദേശ് വാർത്താ ചാനലുകളിൽ അടക്കം വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. എന്നാൽ യൂനുസിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും വാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
"അദ്ദേഹം രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ചു. നേരത്തെ, തൊഴിലാളികളുടെ പരാതിയെത്തുടർന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് രണ്ട് അവസരങ്ങൾ നൽകി. എന്നാൽ അവർ തെറ്റുകൾ തിരുത്താത്തതിനാലാണ് വിഷയം കോടതിയിലെത്തിയത്,"എന്നും ലീഡ് പ്രോസിക്യൂട്ടർ ഖുർഷിദ് ആലം ഖാൻ പറഞ്ഞു. കൂടാതെ ഒരു കമ്പനിയെ പ്രതിനിധീകരിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ വിധിയെന്നും നിയമം എല്ലാ ബംഗ്ലാദേശികൾക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നേരത്തെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച കേസിൽ യൂനുസ് പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കിയിരുന്നു. യൂനുസിനെതിരായ തുടർച്ചയായ ജുഡീഷ്യൽ നടപടികളുടെ അടിസ്ഥാനത്തിൽ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും ഉൾപ്പെടെ 160 അന്തര്‍ദേശീയ പ്രമുഖര്‍ ഇക്കാര്യം അപലപിച്ച് സംയുക്ത പ്രസ്താവനയും നടത്തി.
ബംഗ്ലാദേശിലെ നിരവധി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രശസ്തമായ വ്യക്തിത്വമാണ് മുഹമ്മദ് യൂനസ്. എന്നാൽ യൂനസ് ദരിദ്രരുടെ രക്തം കുടിക്കുന്നു എന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തിയിരുന്നു. ഈ പരാമർശം വലിയ വിവാദങ്ങളിലേക്കും നയിച്ചിരുന്നു.
                                

                                        



